Kerala
കോഴിക്കോട്: ഉമർ ഫൈസി മുക്കത്തിന് ഉഗ്ര ശാസന. പാണക്കാട് തങ്ങളെ കുറിച്ചുള്ള പരാമർശത്തെ തുടർന്നാണ് ഉമർ ഫൈസി മുക്കത്തിന് ശാസനയുമായി സമസ്ത നേതാക്കൾ രംഗത്തെത്തിയത്. പ്രസ്താവന അപമര്യാദയാണെന്ന് മുതിർന്ന മുശാവറ അംഗങ്ങൾ പറഞ്ഞു.
പ്രയോഗങ്ങൾ സമസ്ത പ്രവർത്തകന് ഭൂഷണം അല്ലാത്തതാണെന്നും മുശാവറ അംഗങ്ങൾ വ്യക്തമാക്കി. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സെക്രട്ടറി എം.ടി. അബ്ദുള്ള മുസ്ലിയാർ, ട്രഷറർ കൊയോട് ഉമർ മുസ്ലിയാർ എന്നിവരാണ് ഉഗ്ര ശാസനയുമായി രംഗത്തെത്തിയത്.
ഇത്തരം പദപ്രയോഗങ്ങൾ ഉണ്ടാകരുതെന്നും മോശം പരാമർശങ്ങൾക്ക് പരിഹാരം ചെയ്യണമെന്നും ഉമർ ഫൈസി മുക്കത്തിന് താക്കീത് നൽകി. അതേസമയം, പാണക്കാട് തങ്ങൾമാർക്കുണ്ടായ പ്രയാസത്തിൽ സമസ്ത ദുഃഖം രേഖപ്പെടുത്തി.
പാണക്കാട് തങ്ങൾമാർക്കെതിരെ രൂക്ഷ വിമർശനമാണ് സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗത്തിന്റെ യോഗത്തില്‍ ഉമര്‍ ഫൈസി മുക്കം ഉന്നയിച്ചത്. പാരമ്പര്യം പറഞ്ഞ് സമസ്തയെ പേടിപ്പിക്കരുതെന്നുംബാഫഖി തങ്ങള്‍ മുതല്‍ ഹൈദരലി തങ്ങള്‍ വരെയുള്ളവരുടെ പാരമ്പര്യം പറഞ്ഞിട്ട് കാര്യമില്ലെന്നും ഉമർ ഫൈസി പറഞ്ഞു.
Kerala
കൊല്ലം: സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്ലിം ലീഗിൽ ചേർന്നു. ജില്ല ലീഗ് ഓഫീസിൽ പാണക്കാട് സാദിഖ് അലി തങ്ങൾ ഷാൾ അണിയിച്ച് സുജയെ സ്വീകരിച്ചു.
30 വർഷത്തെ സിപിഎം ബന്ധം ഉപേക്ഷിച്ചുകൊണ്ടാണ് സുജ ചന്ദ്രബാബു മുസ്ലിം ലീഗിലേക്ക് ചേർന്നത്. മൂന്നു തവണ അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു സുജ. കൂടാതെ, മഹിളാ അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായിരുന്നു.
അതേസമയം, സിപിഎമ്മിന്റെ വർഗീയ നിലപാടുകളിൽ പ്രതിഷേധിച്ചാണ് പാർട്ടി വിട്ടതെന്നും ഒരു വാഗ്ദാനവും ഇല്ലാതെയാണ് ലീഗിലേക്കു വന്നതെന്നും സുജ പറഞ്ഞു. കേരളത്തിൽ ഒരു പുതിയ പ്രതിഭാസം ഉണ്ടാകുകയാണെന്ന് സാദിഖലി തങ്ങൾ പ്രതികരിച്ചു. കൊല്ലം ജില്ലയിൽനിന്നു സിപിഎം വിടുന്ന രണ്ടാമത്തെ പ്രമുഖ വനിത നേതാവാണ് സുജ. കഴിഞ്ഞയാഴ്ച കൊട്ടാരക്കര മുൻ എംഎൽഎ ഐഷ പോറ്റി സിപിഎം വിട്ടു കോൺഗ്രസിൽ ചേർന്നിരുന്നു.
Sports
തിരുവനന്തപുരം: മലപ്പുറത്തും കാസർഗോഡും തെരഞ്ഞെടുപ്പിൽ ജയിച്ചവരുടെ പേരുകള്‍ നോക്കിയാല്‍ വർഗീയ ധ്രുവീകരണമുണ്ടോയെന്ന് അറിയാമെന്ന പ്രസ്താവനയില്‍ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ. താൻ വർഗീയ പരാമർശം നടത്തിയിട്ടില്ല.രാഷ്ട്രീയ ധ്രുവീകരണം ഉണ്ടാകുമ്പോഴുള്ള അപകടത്തെക്കുറിച്ചാണ് പറഞ്ഞ്.
അത് ചിലർ വളച്ചൊടിച്ചു. മുസ്ലിം ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ മുസ്ലിം ലീഗ് ജയിക്കുന്നു. ഹിന്ദു ഭൂരിപക്ഷമുള്ള സ്ഥലങ്ങളിൽ ബിജെപി വിജയിക്കുന്നു. ഇതുപോലുള്ള സാഹചര്യങ്ങൾ ഉണ്ടാകുന്നത് കേരളത്തിന്റെ ഭാവിക്ക് അപകടമാണെന്നാണ് താൻ ഉദ്ദേശിച്ചത്.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ തീവ്ര വർഗീയത പ്രചരിപ്പിക്കുന്നവർ വിജയിക്കുന്ന അപകടമാണ് ചൂണ്ടിക്കാട്ടിയത്. സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കുന്ന തരത്തില്‍ ആരും അഭിപ്രായം പറയാന്‍ പാടില്ല. അങ്ങനെ വരുമ്പോള്‍ അപ്പുറത്തും ഇപ്പുറത്തുമൊക്കെ സംഘടിക്കും. അത് കേരളത്തില്‍ അപകടം ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി സജി ചെറിയാൻ. മുസ്ലിം ലീഗ് വർഗീയ ധ്രുവീകരണത്തിനാണ് ശ്രമിക്കുന്നതെന്നും ലീഗിന്റേത് വർഗീയത വളർത്തുന്ന രാഷ്ട്രീയമാണെന്നും സജി ചെറിയാൻ പറഞ്ഞു.
മലപ്പുറത്ത് ജയിച്ചവരുടെ പട്ടിക നോക്കിയാൽ മതി. മുസ്ലീം ലീഗ് ഉയർത്തുന്ന ധ്രുവീകരണം ആർക്കും മനസിലാവില്ലെന്ന് കരുതരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എൻഎസ്എസ്-എസ്എൻഡിപി സഹകരണം സിപിഎം സോഷ്യൽ എഞ്ചിനീയറിംഗിന്റെ ഭാഗമല്ലെന്നും സജി ചെറിയാൻ വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയും മന്ത്രി വിമർശനം ഉന്നയിച്ചു. അസുഖമായി കിടന്നപ്പോഴാണ് എൻഎസ്എസ് ജനറൻ സെക്രട്ടറി ജി. സുകുമാരൻ നായരെ കാണാൻ പോയതെന്ന് സതീശൻ പറഞ്ഞ വേദി ഉചിതമായില്ലെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
വിദ്വേഷ പ്രസംഗം നടത്തി കൈയടി നേടാനാണ് സതീശൻ ശ്രമിക്കുന്നത്. പ്രതിപക്ഷ നേതാവ് പ്രസ്താവന പിൻവലിച്ച് മാപ്പു പറയണമെന്നും മന്ത്രി സജി ചെറിയാൻ കൂട്ടിച്ചേർത്തു.
Kerala
മലപ്പുറം: കേരള കോണ്‍ഗ്രസ്-എമ്മിനെ യുഡിഎഫിലേക്കു കൊണ്ടുവരാനായി തന്നെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നു മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.
കേരള കോണ്‍ഗ്രസിനെ യുഡിഎഫിലേക്ക് എത്തിക്കാനുള്ള ചർച്ചകൾക്കു നേതൃത്വം നൽകുന്നുവെന്ന വാർത്തകളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഔദ്യോഗികമായി ഇക്കാര്യത്തിൽ ഒരു ചർച്ചയും നടന്നിട്ടില്ല. അർധസമ്മതംകൊണ്ട് ഒന്നും നടക്കില്ല. ഫോർമുല വച്ചുള്ള ചർച്ച ആരുമായും നടന്നിട്ടില്ല. തദ്ദേശ, ലോക്സഭാ തെരഞ്ഞെടുപ്പുകളിലെ വലിയ വിജയത്തെ തുടർന്ന് യുഡിഎഫാണ് ഇനിയെന്ന ചിന്ത നിലനിൽക്കുന്നുണ്ട്.
അതേസമയം പല പാർട്ടികളും യുഡിഎഫിനോടുള്ള നിലപാടിൽ മാറ്റം വരുത്തിയിട്ടുണ്ട്. കൂടുതൽ കക്ഷികൾ വരുന്ന ട്രെൻഡുണ്ട്. ആശയപരമായി യോജിക്കാൻ കഴിയുന്ന ആരുമായും യോജിക്കാമെന്നത് താൻ വിശാലാർഥത്തിൽ പറഞ്ഞതാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
Kerala
കോഴിക്കോട്: മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി കെ.ടി. ജലീൽ എംഎൽഎ രംഗത്ത്. ജമാഅത്തെ ഇസ്ലാമി സമം മുസ്ലിം എന്ന ആഖ്യാനം ജമാഅത്തെ ഇസ്ലാമിക്കാർ പറഞ്ഞു നടക്കുന്നത് മനസിലാക്കാം. ലീഗ് അത് പ്രചരിപ്പിക്കുന്നത് എത്രമാത്രം അപകടകരമാണെന്നും ജലീൽ ചോദിച്ചു.
ആർഎസ്എസ് ആഭ്യന്തരം കൈകാര്യം ചെയ്യുമെന്ന് പറഞ്ഞാൽ അതിനർഥം ആഭ്യന്തരം ഹിന്ദു കൈകാര്യം ചെയ്യരുതെന്നാണെന്ന് ആരെങ്കിലും വ്യാഖ്യാനിച്ചാൽ എന്താകും ലീഗിന്റെ പ്രതികരണമെന്നും ജലീൽ ചോദിച്ചു.
ഫേസ്ബുക്കിലൂടെയായിരുന്നു കെ.ടി. ജലീൽ എംഎൽഎ വിമർശനവുമായി രംഗത്തെത്തിയത്. കേരള മുസ്ലിം സമൂഹത്തിന്റെ രണ്ട് ശതമാനം പോലും പ്രാതിനിധ്യം ജമാഅത്തെ ഇസ്ലാമിക്കില്ല. സ്വന്തം പത്രവും ചാനലും കാട്ടിയാണ് അവർ ‘പോക്കാച്ചിത്തവള ചമയുന്നതെന്നും ജലീൽ കുറിച്ചു.
ജമാഅത്തെ ഇസ്ലാമിക്കാരൻ എന്നു പറഞ്ഞാൽ അതിന്റെ പച്ചമലയാളത്തിലുള്ള അർഥം, അയാൾ സുന്നി മുസ്ലിമോ, മുജാഹിദ് മുസ്ലിമോ, തബ്ലീഗ് ജമാഅത്തുകാരനായ മുസ്ലിമോ അല്ല എന്നാണെന്നും ജലീൽ കൂട്ടിച്ചേർത്തു.
സുന്നികളെയും മുജാഹിദുകളെയും തബ്ലീഗുകാരെയും ജമാഅത്തെ ഇസ്ലാമിക്ക് പതിച്ചു കൊടുക്കാൻ ലീഗ് ശ്രമിക്കരുത്. ലീഗിന്റെ ’പാൻമുസ്ലിം' ചിന്ത സുന്നി-മുജാഹിദ് പ്രസ്ഥാനങ്ങളെ തകർക്കാൻ ലക്ഷ്യംവച്ച് ജമാഅത്തെ ഇസ്ലാമി മെനഞ്ഞതാണെന്നും അത് ലീഗ് ഏറ്റെടുക്കരുതെന്നും ജലീൽ കൂട്ടിച്ചേർത്തു.
Kerala
ആലങ്ങാട്: മുൻമന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിന് രാഷ്ട്രീയ കേരളത്തിന്റെ യാത്രാമൊഴി. ജന്മനാടായ ആലങ്ങാട്ടെ മണ്ണിൽഇനി അന്ത്യവിശ്രമം.
ഇന്നലെ രാവിലെ ആലങ്ങാട് ജുമാ മസ്ജിദിൽ ഔദ്യോഗിക ബഹുമതികളോടെയാണ് ഇബ്രാഹിംകുഞ്ഞിന്റെ കബറടക്കം നടത്തിയത്.
സംസ്ഥാന സർക്കാരിന്റ പ്രതിനിധിയായി മന്ത്രി പി. രാജീവ് അന്തിമോപചാരം അർപ്പിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ അന്ത്യാഞ്ജലിയർപ്പിക്കാൻ എത്തിയിരുന്നു.
District News
മലപ്പുറം: ജില്ലയോട് ആരോഗ്യവകുപ്പ് അവഗണന തുടരുകയാണെന്ന് ആരോപിച്ച് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി സമരസംഗമം പ്രഖ്യാപിച്ചിരിക്കെ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കമാണെന്ന പ്രതികരണവുമായി സിപിഎം രംഗത്തുവന്നതോടെ പുതിയ വിവാദം. ഡിഎംഒ ഓഫീസിന് മുന്നിൽ നാളെയാണ് ലീഗ് സമര സംഗമം. ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്യും.
സർക്കാർ മഞ്ചേരി മെഡിക്കൽ കോളജിനോട് കാണിക്കുന്ന വിവേചനത്തിനെതിരേ മഞ്ചേരിയിൽനിന്ന് മലപ്പുറത്തേക്ക് ലീഗ് ലോംഗ് മാർച്ച് നടത്തിയിരുന്നു. അതിന് ശേഷം പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കപ്പെട്ടില്ലെങ്കിലും താത്കാലിക ആശ്വാസനടപടികൾ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിരുന്നു.
സ്പെഷലിസ്റ്റ് ഡോക്ടർമാർ കുറവ്/
എന്നാൽ സംസ്ഥാനത്ത് 204 സ്പെഷലിസ്റ്റ് ഡോക്ടർമാരെ പുതുതായി നിയമിച്ചപ്പോൾ നാലുപേരെ മാത്രമാണ് മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത്. ഇതോടെയാണ് മുസ്ലിം ലീഗ് വീണ്ടും സമരരംഗത്തിറങ്ങാൻ തീരുമാനിച്ചത്. ജില്ലയിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട മുഴുവൻ ജനപ്രതിനിധികളും മണ്ഡലം, പഞ്ചായത്ത്, മുനിസിപ്പൽ ഭാരവാഹികളും സമരസംഗമത്തിൽ പങ്കെടുക്കും. അതേസമയം ലീഗ് നീക്കത്തിനെതിരേ ശക്തമായ പ്രതികരണമാണ് സിപിഎം ജില്ലാ നേതൃത്വത്തിൽനിന്നുണ്ടായത്.
ജില്ലയിലെ ആരോഗ്യമേഖലയെ സംസ്ഥാന സർക്കാർ അവഗണിക്കുന്നുവെന്ന യുഡിഎഫ് പ്രചാരണം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറിയറ്റ് വ്യക്തമാക്കി.
ജില്ലയുടെ ആരോഗ്യമേഖലയ്ക്ക് എക്കാലവും കരുത്തേകിയത് ഇടതുപക്ഷ സർക്കാരുകളാണെന്നാണ് പ്രതികരണം. സൂപ്പർ സ്പെഷാലിറ്റി ഡോക്ടർമാരില്ലാത്ത സ്ഥലങ്ങളിലാണ് ഇപ്പോൾ ഡോക്ടർമാരെ നിയമിച്ചിരിക്കുന്നത്. ഇതു മറച്ചുവച്ചാണ് വ്യാജ പ്രചാരണമെന്ന് നേതാക്കൾ പറഞ്ഞു.
ആരോപണം വസ്തുതാവിരുദ്ധം
ആശുപത്രികളിൽ തസ്തിക അനുവദിച്ചില്ലെന്ന ആരോപണം വസ്തുതാവിരുദ്ധമാണ്. കഴിഞ്ഞ ഒന്‍പതര വർഷത്തിനകം ആരോഗ്യമേഖലയിൽ 473 തസ്തികകളാണ് അനുവദിച്ചത്. ആരോഗ്യവകുപ്പിൽ 434ഉം ആരോഗ്യവിദ്യാഭ്യാസ വകുപ്പിൽ 39ഉം തസ്തിക അനുവദിച്ചു. മഞ്ചേരി ജനറൽ ആശുപത്രിയെ മെഡിക്കൽ കോളജായി പ്രഖ്യാപിച്ച് ഇറങ്ങിപ്പോവുകയാണ് യുഡിഎഫ് സർക്കാർ ചെയതതത്.
എൽഡിഎഫ് സർക്കാരാണ് മെഡിക്കൽ കോളജ് നിലവാരത്തിലേക്ക് ആശുപത്രിയെ ഉയർത്തിയത്. ജില്ലയിൽ 85 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായും 15 സിഎച്ച്സികളെ ബ്ലോക്ക് കടുംബാരോഗ്യ കേന്ദ്രങ്ങളായും ഉയർത്തി. ഇവിടങ്ങളിൽ 216 തസ്തിക സൃഷ്ടിച്ചു. ആശുപ്രതികളുടെ അടിസ്ഥാന സൗകര്യവികസനത്തിന് 563 കോടി രൂപയാണ് അനുവദിച്ചത്.
യുഡിഎഫ് സർക്കാരിൽ മന്ത്രിമാരും ഭൂരിഭാഗം എംഎൽഎമാരും ജില്ലയിൽനിന്നുണ്ടായിട്ടും ആരോഗ്യ മേഖലയ്ക്ക് കാര്യമായ പരിഗണന ലഭിച്ചിരുന്നില്ല.
എംപിമാർ കാലങ്ങളായി ലീഗുകാരാണ്. കേന്ദ്രത്തിൽ സ്വന്തം സർക്കാരുണ്ടായ കാലത്തുപോലും ആരോഗ്യമേഖലയിൽ ജില്ലയിൽ ഇടപെടാൻ മുസ്ലിം ലീഗിനായിട്ടില്ലെന്നും സിപിഎം നേതൃത്വം ആരോപിച്ചു.
Kerala
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് പ്രധാനമായും മലബാറിലെ മുസ്ലിം സമുദായത്തിന്റെ പാര്‍ട്ടിയായി അറിയപ്പെടുമ്പോള്‍ മധ്യ കേരളത്തില്‍ പാര്‍ട്ടിയുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച നേതാവായിരുന്നു വി.കെ. ഇബ്രാഹിംകുഞ്ഞ്.
മധ്യ കേരളത്തിലെ ലീഗിന്റെ മുഖം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഇബ്രാഹിം കുഞ്ഞ് വികസനത്തിന്റെയും വിവാദങ്ങളുടെയും നേതാവ് കൂടിയായിരുന്നു. 2004-2005-ല്‍ ഐസ്ക്രീം പാര്‍ലര്‍ കേസ് ആരോപണങ്ങളെ തുടര്‍ന്ന് പി.കെ.കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രി സ്ഥാനം രാജിവച്ചപ്പോള്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി ആ സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെട്ടതും ഇബ്രാഹിം കുഞ്ഞായിരുന്നു.
പിന്നീട് 2011-16 കാലഘട്ടത്തില്‍ (ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍) പൊതുമരാമത്ത് വകുപ്പ് മന്ത്രിയായപ്പോള്‍ കുഞ്ഞാലിക്കുട്ടി തുടങ്ങിവച്ച പല വികസന പ്രവര്‍ത്തനങ്ങളും ഇബ്രാഹിം കുഞ്ഞ് പൂര്‍ത്തീകരിച്ചു.
പാലാരിവട്ടം ഫ്ലൈ ഓവര്‍ അഴിമതിക്കേസില്‍ ഇബ്രാഹിം കുഞ്ഞിനെ 2020-ല്‍ അറസ്റ്റ് ചെയ്തപ്പോള്‍ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് വിമര്‍ശിച്ച് കുഞ്ഞാലിക്കുട്ടി അദ്ദേഹത്തിന് ലീഗിന്റെ പിന്തുണ ഉറപ്പാക്കി.
2001 മുതല്‍ 2011 വരെ മട്ടാഞ്ചേരി മണ്ഡലത്തിലും 2011 മുതല്‍ 2021 വരെ കളമശേരി മണ്ഡലത്തിലും എംഎല്‍എയായിരുന്ന ഇബ്രാഹിംകുഞ്ഞ് മധ്യകേരളത്തിന്റെ വികസന നായകന് കൂടിയായിരുന്നു.
2011-16-ല്‍ പൊതുമരാത്ത് മന്ത്രിയായിരിക്കെ കേരളത്തിലാകമാനം 227 പാലങ്ങളാണ് ഇബ്രാഹിം കുഞ്ഞ് നിര്‍മിച്ചത്. ഇതില്‍ 28 എണ്ണം എറണാകുളത്താണ്. സംസ്ഥാന ഹൈവേകളുടെ വികസനം, ദേശീയപാതകള്‍ വീതികൂട്ടല്‍ എന്നിങ്ങനെയുള്ള വികസനപ്രവര്‍ത്തനങ്ങളിലൂടെ മധ്യ കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് നെടുംതൂണായി പ്രവര്‍ത്തിച്ച വ്യക്തി കൂടിയായിരുന്നു ഇബ്രാഹിം കുഞ്ഞ്.
ലീഗിന്റെ സംസ്ഥാന കമ്മിറ്റി അംഗവും, കേരള മുസ്ലിം എജ്യൂക്കേഷന്‍ അസോസിയേഷനുകളുടെ വൈസ് പ്രസിഡന്റ്, സി.എച്ച്. മുഹമ്മദ് കോയ കോളജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജി ചെയര്മാന്, കൊച്ചിന് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി സിന്‍ഡിക്കേറ്റ് അംഗം, എറണാകുളത്തെ വ്യാവസായിക മേഖലയിലെ തൊഴിലാളി യൂണിയനുകളുടെ ചെയര്‍പേഴ്സണ്‍ എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
മുസ്ലീം യൂത്ത് ലീഗ്, മുസ്ലീം സ്റ്റുഡന്റ്സ് ഫെഡറേഷന് എന്നിവയിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച അദ്ദേഹം എറണാകുളം ജില്ലയിലെ മുസ്ലീം സമുദായത്തിന്റെ വികസനത്തിനും ക്ഷേമത്തിനും ശ്രദ്ധ നല്കി.
എന്നിരുന്നാലും പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസ് പോലെയുള്ള വിവാദങ്ങളും അറസ്റ്റും അദ്ദേഹത്തിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടുണ്ട്. 2020-ല്‍ മള്‍ട്ടിപ്പിള്‍ മൈലോമ കാന്‍സര്‍ ബാധിച്ചതിനാല്‍ 2021 തെരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിച്ചില്ല.
കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാന്‍ ഇടപ്പള്ളി, പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂര്‍, കളമശേരി എന്നിവടങ്ങളില്‍ 140 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ഇബ്രാഹിം കുഞ്ഞ് പൂര്‍ത്തീകരിച്ചത്.
ഗോശ്രീ ഐലന്റ് ഡെവലപ്പ്മെന്റ് അതോറിറ്റി പോലെയുള്ള പ്രധാന പ്രോജക്ടുകളിലും സജീവമായ ഇടപെടലുകള്‍ നടത്തിയ രാഷ്ട്രീയ നേതാവായിരുന്നു ഇബ്രാഹിം കുഞ്ഞ്.
Kerala
കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. ലീഗിന് കൂടുതൽ സീറ്റുകൾക്ക് അർഹതയുണ്ടെന്നും ഇക്കാര്യങ്ങൾ മുന്നണി യോഗത്തിൽ അവതരിപ്പിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സൗഹാർദപരമായ രീതിയിൽ തന്നെ ഇക്കാര്യങ്ങൾ മുന്നണിക്കുള്ളിൽ ചർച്ച ചെയ്യാനാകുമെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഭിപ്രായപ്പെട്ടു. കോഴിക്കോട് ഇന്ന് ചേർന്ന സംസ്ഥാന നേതൃയോഗത്തിന് മുൻപാകെ ഇക്കാര്യം കുഞ്ഞാലിക്കുട്ടി ആവർത്തിച്ചിരുന്നു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച 25 സീറ്റുകളിൽ 15 സീറ്റിലും വിജയിച്ച മുസ്ലിം ലീഗ് തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനം കൂടി കണക്കിലെടുത്താണ് കൂടുതൽ നിയമസഭാ സീറ്റുകൾ ആവശ്യപ്പെടുന്നത്.
നേരത്തെ ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും ഇക്കാര്യം അറിയിച്ചിരുന്നു. ജയ സാധ്യതയ്ക്ക് ആയിരിക്കണം മുഖ്യപരിഗണന എന്നും യുവാക്കൾക്കും വനിതകൾക്കും ഉൾപ്പെടെ അർഹമായ പരിഗണന നൽകണമെന്നും നേതൃയോഗത്തിൽ ആവശ്യം ഉയർന്നു.
സാഹചര്യം അനുകൂലമാണെങ്കിലും ജയം ഉറപ്പാക്കാൻ സ്ഥാനാർഥി നിർണയത്തിൽ ടേം വ്യവസ്ഥ മാനദണ്ഡമാക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.
Kerala
കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിനോട് മുന്നോടിയായി ഇന്ന് മുസ്ലിം ലീഗ് സംസ്ഥാന നേതൃയോഗം ചേരും. സ്ഥാനാർഥി നിർണയം ഉൾപ്പെടെയുള്ള കാര്യങ്ങൾ സംസ്ഥാന നേതൃയോഗത്തിൽ ചർച്ചയാകുമെന്നാണ് പുറത്തുവരുന്ന വിവരം.
കോഴിക്കോട് ലീഗ് ഹൗസിലാണ് യോഗം ചേരുക. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തുനിൽക്കെ രാവിലെ 11ന് ആരംഭിക്കുന്ന യോഗം ശ്രദ്ധേയമാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രകടനം കൂടി കണക്കിലെടുത്ത് ഇത്തവണ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടണമെന്ന കാഴ്ചപ്പാട് നേതൃത്വത്തിനുണ്ട്.
കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുമെന്ന് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ മുന്നണിയെ സമ്മർദത്തിലാക്കാൻ മുസ്ലിം ലീഗ് തയാറാകില്ല.
അതേസമയം സീറ്റുകൾവച്ചുമാറുമ്പോൾ മധ്യ-തെക്കൻ കേരളത്തിലെ വിജയസാധ്യതയുള്ള സീറ്റുകളിൽ മത്സരിക്കാനും ലീഗിന് താത്പര്യമുണ്ട്. വനിത-യുവ പ്രാതിനിധ്യവും യോഗത്തിൽ ചർച്ചയാകും.
Kerala
കോഴിക്കോട്: യുഡിഎഫ് അധികാരത്തിലെത്തിയാൽ ഉണ്ടായേക്കാവുന്ന ഉപമുഖ്യമന്ത്രി പദവിയെ സംബന്ധിച്ച ചർച്ചകളെ കുറിച്ച് പ്രതികരിച്ച് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംഎൽഎ. ലീഗ് കുറെ തവണ ഭരണപക്ഷത്തെ രണ്ടാം പാർട്ടിയായിട്ടുണ്ടെന്നും എന്നാൽ ഒരിക്കലും ഉപമുഖ്യമന്ത്രി പദം ആവശ്യപ്പെട്ടിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇത്തരത്തിലുള്ള കാര്യങ്ങളൊക്കെ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇടതുപക്ഷം പ്രചരിപ്പിക്കുന്നതാണെന്നും തങ്ങൾക്ക് അങ്ങനെ ഒരു വേവലാതിയും ഇല്ലെന്നും അങ്ങനെ ഒരാവശ്യം ലീഗിനില്ലെന്നും അദ്ദേഹം പറഞ്ഞു.
എംപിമാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണോയെന്ന കാര്യമൊക്കെ അതത് പാർട്ടികളാണ് തീരുമാനിക്കേണ്ടതെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. ലീഗിന് കുറിച്ചുള്ള കാര്യങ്ങളൊക്കെ പാണക്കാട് തങ്ങൾ ഉചിതമായ സമയത്ത് പറയുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
"കോൺഗ്രസ് തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടമാണ് നടത്തിയത്. യുഡിഎഫ് ആകെ തന്നെ ഗംഭീര വിജയമാണ് സ്വന്തമാക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയം ആവർത്തിക്കും.'-കുഞ്ഞാലിക്കുട്ടി.
Kerala
ചേർത്തല: മുസ്ലിം ലീഗിനെതിരെ കടന്നാക്രമണവുമായി വീണ്ടും വെള്ളാപ്പള്ളി നടേശന്. മത കലഹമുണ്ടാക്കാന്‍ ലീഗ് ശ്രമിക്കുകയാണ്. മാറാട് ആവര്‍ത്തിക്കാനാണ് ശ്രമം.
മുസ്ലിം സമുദായത്തെ ഈഴവര്‍ക്കെതിരെ തിരിക്കാന്‍ നോക്കുന്നുവെന്നും വെള്ളാപ്പള്ളി നടേശന് ആരോപിച്ചു. ചേർത്തലയിൽ മാധ്യമപ്രവർത്തകരെ കാണുകയായിരുന്നു അദ്ദേഹം. ലീഗ് സാമൂഹിക നീതി നടപ്പിലാക്കിയില്ലെന്നും മലപ്പുറത്ത് മുസ്ലിം സമുദായത്തിനു മുട്ടിനുമുട്ടിനു കോളജുണ്ട്.
ഈഴവ സമുദായത്തിനു നല്‍കിയത് ഒരു എയ്ഡഡ് കോളജാണ്. ഭരണത്തിലിരുന്നപ്പോള്‍ ലീഗ് എന്ത് ചെയ്തുവെന്ന് ആത്മപരിശോധന നടത്താന്‍ വെല്ലുവിളിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. താന്‍ സത്യം പറഞ്ഞതിനു തന്നെ വേട്ടയാടുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
തെരഞ്ഞെടുപ്പിലെ തോല്‍വി സിപിഐ പരിശോധിക്കണമെന്ന വിമര്‍ശനം ഉയര്‍ത്തിയ വെള്ളാപ്പള്ളി താന്‍ പിണറായിയുടെ ജിഹ്വയല്ലെന്നും പ്രശ്നാധിഷ്ഠിത പിന്തുണ മാത്രമാണ് നല്‍കുന്നതെന്നും പറഞ്ഞു.
Kerala
കൊച്ചി: കൊച്ചി കോർപറേഷനിലെ ഡെപ്യൂട്ടി മേയർ സ്ഥാനത്തെ ചൊല്ലിയുള്ള മുസ്ലിം ലീഗിന്റെ അവകാശവാദത്തിൽ പ്രതികരിച്ച് എറണാകുളം ഡിസിസി. കെപിസിസിയിൽ നിന്ന് അത്തരം ഒരു നിർദേശം ലഭിച്ചിട്ടില്ലെന്ന് ഡിസിസി അധ്യക്ഷൻ അറിയിച്ചു.
ഡെപ്യൂട്ടി മേയർ സ്ഥാനം പങ്കിടാൻ ധാരണ ഇല്ലെന്നും ഡിസിസി അധ്യക്ഷൻ വ്യക്തമാക്കി. കോർപറേഷനിൽ ഒരു വർഷം ഡെപ്യൂട്ടി മേയർ പദവി ഉറപ്പാക്കിയതായി ലീഗ് അറിയിച്ചിരുന്നു. ടി. കെ. അഷ്റഫിനെ ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് പരിഗണിക്കുമെന്നും മുസ്ലിം ലീഗ് വ്യക്തമാക്കിയിരുന്നു.
കുഞ്ഞാലിക്കുട്ടി കോൺഗ്രസ് നേതാക്കളുമായി നടത്തിയ ചർച്ചയിൽ ലീഗ് - കോൺഗ്രസ് തർക്കം പരിഹരിച്ചെന്ന് ലീഗ് ജില്ലാ കമ്മിറ്റി വാർത്ത സമ്മേളനത്തിലാണ് അറിയിച്ചത്. ഇതിന് പിന്നാലെയാണ് മുസ്ലീം ലീഗിന്റെ അവകാശവാദങ്ങളെ തള്ളി എറണാകുളം ഡിസിസി രംഗത്തെത്തിയിരിക്കുന്നത്.
Kerala
തൃശൂർ: ഗുരുവായൂർ സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കുമെന്ന സൂചന പരന്നതോടെ നിലപാട് വ്യക്തമാക്കി മുസ്ലിം ലീഗ് ജില്ലാ നേതൃത്വം. സീറ്റ് കൈമാറ്റം സംബന്ധിച്ച് ചർച്ചകൾ നടന്നിട്ടില്ല.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുരുവായൂരിൽ യുഡിഎഫ് സ്ഥാനാർഥി വിജയിക്കുമെന്നും ലീഗ് ജില്ലാ പ്രസിഡന്റ് സി.എ.റഷീദ് പറഞ്ഞു. ഗുരുവായൂരിൽ കൈപ്പത്തി ചിഹ്നത്തിൽ സ്ഥാനാർഥി മത്സരിക്കണമെന്നാണ് ഡിസിസിയുടെ ആവശ്യം.
ഈ ആവശ്യം സംസ്ഥാന നേതൃത്വത്തെ ധരിപ്പിച്ചെന്നും ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് പറഞ്ഞു. ദീർഘകാലമായി യുഡിഎഫിൽ ലീഗ് മത്സരിക്കുന്ന സീറ്റാണ് ഗുരുവായൂർ.
നിരവധി പരീക്ഷണം നടത്തിയിട്ടും ഇവിടെ യുഡിഎഫിന് വിജയിക്കാൻ കഴിയുന്നില്ല. അതുകൊണ്ടു തന്നെ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്നാണ് ഡിസിസിയുടെ നിലപാട്.
Kerala
തൃശൂർ: മുസ്ലിമിന് എതിരേയല്ല താൻ പറഞ്ഞതെന്നും ലീഗിലെ ചില നേതാക്കൾ കാണിച്ച അനീതി ചൂണ്ടിക്കാണിച്ചപ്പോൾമുസ്ലിംവിരോധമാക്കിയെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തൃശൂർ യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആദര സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹിക നീതിയും രാഷ്ട്രീയനീതിയും എല്ലാവർക്കും അവകാശപ്പെട്ടതാണ്. അസംബ്ലി, പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ പ്രാതിനിധ്യം വേണ്ടേ? സാന്പത്തിക - വിദ്യാഭ്യാസ കാര്യങ്ങളിൽ സാമൂഹികനീതി പാലിക്കപ്പെടേണ്ടതല്ലേ? ശ്രീനാരായണ ഗുരു യൂണിവേഴ്സിറ്റി സ്ഥാപിച്ചിട്ട് അവിടെ ഗുരുവിന്റെ ചിത്രംപോലും സ്ഥാപിച്ചില്ല. യോഗ്യരായ ശ്രീനാരായണീയർ ഉണ്ടായിട്ടും അവരെയൊന്നും അവിടെ വിസിയാക്കിയില്ല. ഇക്കാര്യം ചൂണ്ടിക്കാണിച്ചപ്പോൾ എതിർപ്പുമായി വന്നത് ലീഗുകാരാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Kerala
കാസർഗോഡ്: ചെറുവത്തൂരിലെ സിപിഎം- ലീഗ് സംഘർഷത്തിൽ ഏഴ് പേർ അറസ്റ്റിൽ. ആറ് മുസ്ലിം ലീഗ് പ്രവർത്തകരും ഒരു സിപിഎം പ്രവർത്തകനുമാണ് പിടിയിലായത്. തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ ആയിരുന്നു സംഘർഷം.
സംഘർഷത്തിൽ ഇരു വിഭാഗങ്ങളിലെയും അൻപതോളം പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പടന്ന, തൃക്കരിപ്പൂര്‍, ചെറുവത്തൂര്‍ എന്നിവിടങ്ങളില്‍ വ്യാപകമായ ആക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലീഗിന്റെ വിജയഹ്ലാദ പ്രകടനത്തിനിടെ സിപിഎമ്മും സിപിഎമ്മിന്റെ വിജയഹ്ലാദ പ്രകടനത്തിനിടെ ലീഗും തമ്മിൽ വാക്ക് തര്‍ക്കം ഉണ്ടായി.
പിന്നീടത് കല്ലേറിലേക്കും സംഘഷത്തിലേക്കും നീങ്ങുകയായിരുന്നു. പോലീസെത്തിയാണ് സംഘര്‍ഷം അവസാനിപ്പിച്ചത്.
Kerala
മലപ്പുറം: മലബാറിൽ പോളിംഗ് ഊർജിതമായിരിക്കുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. പാർലമെന്റ് തെരഞ്ഞെടുപ്പിൽ കണ്ട അതേ ട്രെൻഡാണ് തദ്ദേശ തെരഞ്ഞെടുപ്പിലുള്ളതെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പറഞ്ഞു.
തെരഞ്ഞെടുപ്പിൽ നല്ല ആവേശമുണ്ട്. പത്ത് വർഷമായി അനുഭവിക്കുന്ന വിഷമങ്ങൾ ഏറ്റെടുത്ത് ജനം വോട്ടു ചെയ്യുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു. ശബരിമല വിഷയവും ജനം ഗൗരവത്തോടെ എടുക്കുമെന്നും അദേഹം വ്യക്തമാക്കി.
കോർപറേഷനുകളിൽ യുഡിഎഫ് തിരിച്ചുവരുമെന്നും ഭരണവിരുദ്ധ വികാരം പ്രതിഫലിക്കുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച (ഡിസംബർ 11) ന് നടക്കും. രാവിലെ ഏഴിന് പോളിംഗ് തുടങ്ങും. വൈകുന്നേരം ആറ് വരെയാണ് വോട്ടെടുപ്പ് നടക്കുക.
തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുക. 1,53,37176 പേരാണ് രണ്ടാം ഘട്ടത്തിലെ വോട്ടർ പട്ടികയിലുള്ളത്. 38,994 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.
604 തദ്ദേശ സ്ഥാപനങ്ങളിലെ (ഗ്രാമപഞ്ചായത്ത് - 470, ബ്ലോക്ക് പഞ്ചായത്ത് - 77, ജില്ലാ പഞ്ചായത്ത് - 7, മുനിസിപ്പാലിറ്റി - 47, കോർപ്പറേഷൻ - 3) 12391 വാർഡുകളിലേയ്ക്കാണ് (ഗ്രാമ പഞ്ചായത്ത് വാർഡ് - 9015, ബ്ലോക്ക് പഞ്ചായത്ത് വാർഡ് - 1177, ജില്ലാ പഞ്ചായത്ത് വാർഡ് - 182, മുനിസിപ്പാലിറ്റി വാർഡ് - 1829, കോർപ്പറേഷൻ വാർഡ് - 188) വ്യാഴാഴാച (ഡിസംബർ 11) വോട്ടെടുപ്പ് നടക്കുന്നത്.
ആകെയുള്ള 1,53,37,176 വോട്ടർമാരിൽ 7,24,6,269 പേർ പുരുഷൻമാരും 8,09,0746 പേർ സ്ത്രീകളും 161 പേർ ട്രാൻസ്ഡെൻഡേഴ്സുമാണ്. 3,293 പ്രവാസി വോട്ടർമാരും പട്ടികയിലുണ്ട്.
ആകെ 38994 സ്ഥാനാർഥികളാണ് (18,974 പുരുഷന്മാരും, 20,020 സ്ത്രീകളും) മത്സരിക്കുന്നത്. ഗ്രാമപഞ്ചായത്ത് വാർഡുകളിലേയ്ക്ക് 28,274 ഉം, ബ്ലോക്ക് പഞ്ചായത്തിലേയ്ക്ക് 3,742 ഉം, ജില്ലാ പഞ്ചായത്തിലേയ്ക്ക് 681 ഉം, മുനിസിപ്പാലിറ്റികളിലേയ്ക്ക് 5,546 ഉം, കോർപ്പറേഷനുകളിലേയ്ക്ക് 751 ഉം സ്ഥാനാർഥികളുമാണ് മത്സരരംഗത്തുള്ളത്.
രണ്ടാംഘട്ടത്തിൽ ആകെ 18,274 പോളിംഗ് സ്റ്റേഷനുകളാണുളളത്. ഇതിൽ 2055 എണ്ണം പ്രശ്നബാധിത ബൂത്തുകളായി (തൃശൂർ- 81, പാലക്കാട്- 180, മലപ്പുറം- 295, കോഴിക്കോട്- 166, വയനാട്— 189, കണ്ണൂർ- 1025 , കാസർഗോഡ്- 119) റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്.
കാൻഡിഡേറ്റ് സെറ്റിംഗ് കഴിഞ്ഞ 18,274 കൺട്രോൾ യൂണിറ്റും 49,019 ബാലറ്റ് യൂണിറ്റും പോളിങ്ങിനായി തയ്യാറായി കഴിഞ്ഞു. 2,631 കൺട്രോൾ യൂണിറ്റും 6,943 ബാലറ്റ് യൂണിറ്റും റിസർവായി കരുതിയിട്ടുണ്ട്.
Kerala
കൊഴിക്കോട്: തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ഏഴ് ജില്ലകളിലെ പരസ്യപ്രചാരണം അവസാനിച്ചു. ആവേശ നിറഞ്ഞ കൊട്ടിക്കലാശത്തോടെയാണ് ഒരു മാസം നീണ്ട പരസ്യപ്രചാരണം അവസാനിച്ചത്. വൈകീട്ട് ആറ് വരെയായിരുന്നു പരസ്യപ്രചാരണം.
ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളാണ്. വ്യാഴാഴ്ചയാണ് ഈ ജില്ലകളിലെ വോട്ടെടുപ്പ്. മൂന്നു മുന്നണികളും ഒരേ ആവേശത്തോടെ പ്രചാരണത്തിന്റെ അവസാന ദിവസത്തിൽ കളത്തിലിറങ്ങിയതോടെ വടക്കൻ ജില്ലകളിലെ കൊട്ടിക്കലാശം ഗംഭീരമായി.
കൊട്ടിക്കലാശം നടന്ന സ്ഥലങ്ങളിലെല്ലാം മുന്നണികളുടെ പ്രവർത്തകർ ആവേശത്തോടെയാണ് എത്തിയത്. സ്ഥാനാർഥികൾ കൂടി പ്രവർത്തകരോടൊപ്പം ചേർന്നതോടെ ആവേശം ഇരട്ടിയായി. തൃകോണ പോരാട്ടം നടക്കുന്ന തൃശൂർ കൊർപ്പറേഷൻ, പാലക്കാട് നഗരസഭ എന്നിവിടിങ്ങളെല്ലാം കൊട്ടിക്കലാശം കളറായി.
പൊതുവെ സമാധാനപരമായിരുന്നു കൊട്ടിക്കലാശമെങ്കിലും മലപ്പുറത്തും വടകരയിലും സംഘർഷമുണ്ടായി. എന്നാൽ പോലീസ് ഇടപെട്ടതോടെ ഇവിടങ്ങളിലെല്ലാം സ്ഥിതി ശാന്തമായി.
Kerala
തിരുവന്തപുരം: സംസ്ഥാനത്തെ ആവേശത്തിലാഴ്ത്തി ഒരേ സമയം വോട്ടെടുപ്പും കോട്ടിക്കലാശവും. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ തിരുവനന്തപുരം മുതൽ എറണാകുളം വരെ വിധിയെഴുതുമ്പോൾ തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ കൊട്ടിക്കലാശം നടക്കുകയാണ്.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിൽ മികച്ച പോളിംഗാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. വൈകുന്നേരം അഞ്ച് വരെ 69.41 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ പോളിംഗ് എറണാകുളത്തും (70.14%) കുറവ് കുറവ് പോളിംഗ് തിരുവനന്തപുരത്തും (62.52%) ആണ് രേഖപ്പെടുത്തിയത്.
ആലപ്പുഴ 69.35%, കൊല്ലം 66%, പത്തനംതിട്ട 63.22%, കോട്ടയം 66.58%, ഇടുക്കി 66.22% എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥാനത്തിലെ പോളിംഗ് ശതമാനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
അതേസമയം തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ കൊട്ടിക്കലാശം നടക്കകയാണ്. വൈകുന്നേരം ആറ് വരെയാണ് പരസ്യപ്രചാരണം ഉള്ളത്. വ്യാഴാഴ്ചയാണ് ഈ ജില്ലകളിൽ വോട്ടെടുപ്പ്. ശനിയാഴ്ചയാണ് വോട്ടെണ്ണൽ.
Kerala
കോതമംഗലം: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്നും കടക്കെണിയിൽനിന്ന് കേരളത്തെ കരകയറ്റുമെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എംഎൽഎ.
അടിവാട് കവലയിൽ യുഡിഎഫ് സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവാക്കൾ തൊഴിൽ കിട്ടാതെ കേരളം വിടുകയാണ്. അവരെയെല്ലാം ഇവിടെത്തന്നെ നിലനിർത്തുന്നതിന് പദ്ധതി ആവിഷ്കരിക്കും.
കേരളത്തിന്റെ നഗരങ്ങളിൽപോലും ആനയും പുലിയുമാണ്. വന്യമൃഗശല്യം തടയാനും ആരോഗ്യ രംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കാനും പദ്ധതികൾ ആവിഷ്കരിക്കും.
സ്വന്തം കുടുംബങ്ങളിലെ പട്ടിണിയകറ്റാൻ 100 രൂപ ഓണറേറിയം കൂട്ടിച്ചോദിച്ച ആശാ പ്രവർത്തകരെ അപമാനിച്ചവരാണ് കേരളം ഭരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുഴുവൻ യുഡിഎഫ് സ്ഥാനാർഥികളെയും വിജയിപ്പിക്കണമെന്ന് കുഞ്ഞാലിക്കുട്ടി അഭ്യർഥിച്ചു.
പല്ലാരിമംഗലം പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ കെ.എം. ഇബ്രാഹിം അധ്യക്ഷത വഹിച്ചു.
Kerala
കേരള രാഷ്ട്രീയത്തിൽ പ്രതിപക്ഷത്തിന്റെ ശക്തിദുർഗങ്ങളിലൊരാളായ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി തെരഞ്ഞെടുപ്പിന്റെ തിരക്കിലാണ്. കേരളത്തിലങ്ങോളമിങ്ങോളം ഐക്യജനാധിപത്യ മുന്നണി സ്ഥാനാർഥികളുടെ വിജയത്തിനായുള്ള സജീവ പ്രവർത്തനത്തിലാണ്.
രാഷ്ട്രീയതന്ത്രങ്ങളെക്കുറിച്ചുള്ള നേതൃ ചർച്ചകൾ, മുന്നണി കണ്‍വൻഷനുകൾ, സ്ഥാനാർഥികളുമായുള്ള ചർച്ചകൾ തുടങ്ങി വിവിധ പരിപാടികളിൽ അദ്ദേഹത്തിന്റെ സാന്നിധ്യം കേരളം അറിയുന്നു. മുസ്ലിം ലീഗിന്റെ പ്രധാന നേതാവും നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവുമായ അദ്ദേഹം തദ്ദേശ തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ ആനുകാലിക രാഷ്ട്രീയ വിഷയങ്ങളോട് പ്രതികരിക്കുന്നു.
ഈ തെരഞ്ഞെടുപ്പിനെ ഏങ്ങനെ നിരീക്ഷിക്കുന്നു?
കേരളത്തിലെ യുഡിഎഫ് പ്രവർത്തകർക്കു വലിയ ആത്മവിശ്വാസം പകരുന്ന തെരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നത്. യുഡിഎഫിന് അനുകൂലമായി തരംഗം ഉണ്ട്. കുറച്ചായില്ലേ? ഇനിയൊരു മാറ്റം വേണമെന്ന ചിന്ത ജനങ്ങളിലുണ്ട്. യുഡിഎഫ് വലിയ മുന്നേറ്റമുണ്ടാക്കുമെന്നു മാത്രമല്ല, കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റുകൾ ഇക്കുറി സ്വന്തമാക്കുകയും ചെയ്യും. അതിനുള്ള പ്രവർത്തനമാണു കേരളത്തിലൊട്ടുക്ക് നടന്നുവരുന്നത്.
ജില്ലാ പഞ്ചായത്തുകൾ കഴിഞ്ഞതവണത്തേക്കാൾ കൂടുതൽ ഇത്തവണ യുഡിഎഫ് പിടിക്കും. കോഴിക്കോട്ടൊക്കെ ഇത്തരം മാറ്റം കണ്ടുകഴിഞ്ഞു. കോഴിക്കോട് ജില്ലാ പഞ്ചായത്തിൽ കഴിഞ്ഞ ദിവസം പ്രചാരണത്തിനു പോയപ്പോൾ ജില്ലാ പഞ്ചായത്ത് ഇത്തവണ യുഡിഎഫിനു കിട്ടുമെന്നാണു പ്രവർത്തകർ പറയുന്നത്.ജില്ലാ പഞ്ചായത്തുകളിലൊക്കെ ഭരണം കിട്ടുമെന്നുള്ള ആത്മവിശ്വാസം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് വിജയിക്കുന്നതിലേക്കെത്തും. അതിലൊരു സംശയമില്ല. നല്ല മാറ്റമാണ് രാഷ്ട്രീയമായി യുഡിഎഫിനുള്ളത്.
കാലാകാലങ്ങളിൽ യുഡിഎഫിന് കിട്ടുന്ന ആ രീതിയിലേക്ക് ഇക്കുറി സീറ്റുകൾ കിട്ടും. കഴിഞ്ഞ പ്രാവശ്യത്തെ പോലെയുള്ള വിഷയം ഇത്തവണ ഉണ്ടാകില്ല. ഇപ്രവാശ്യം മധ്യതിരുവിതാംകൂറിലും അതുപോലെതന്നെ മലബാറിലും കൂടുതൽ സീറ്റുകൾ ലഭിക്കും. കിട്ടാത്ത പല ജില്ലകളിലും യുഡിഎഫ് മേൽക്കൈ നേടും. സർക്കാരിനെതിരേ ഭരണ വിരുദ്ധവികാരം പ്രതിഫലിക്കുന്ന തെരഞ്ഞടുപ്പായിരിക്കുമിത്. നിലവിൽ പ്രതിപക്ഷത്തിനു തീർത്തും അനുകൂലമായ സാഹചര്യമാണുള്ളത്.
ശബരിമലയിലെ സ്വർണക്കടത്ത് വിഷയങ്ങൾ ജനങ്ങൾ ഏറ്റെടുത്തുവെന്ന് കരുതുന്നുണ്ടോ?
ശബരിമല വിഷയം ജനങ്ങളുടെ ഹൃദയത്തിലായി കഴിഞ്ഞു. അത് വന്നും പോയും കൊണ്ടിരിക്കുന്ന വിഷയം പോലെയല്ല. കേരള ജനതയുടെ നെഞ്ചിൽ തറച്ച ആണിയാണ്. അതിനു പ്രതികരണമുണ്ടാകും. ഭരണകർത്താക്കളിൽനിന്നു സംഭവിച്ചുകൂടാത്ത കാര്യമാണ് നടന്നത്. കാവൽക്കാർത്തന്നെ കളവ് നടത്തുകയെന്ന് പറയുന്പോൾ അത് അസാധാരണമായ സംഭവമാണ്. അതു മറ്റു കാര്യങ്ങളെ പോലെയല്ല. അതിന്റെ ഇംപാക്ട് ഈ തെരഞ്ഞെടുപ്പിൽ എന്നല്ല, അടുത്ത തെരഞ്ഞെടുപ്പിലും പ്രതിഫലിക്കും. കാരണം ശബരിമല നമുക്കറിയാമല്ലോ, കേരളത്തിന്റെ പേരുമായി എന്തുമാത്രം ബന്ധപ്പെട്ട് കിടക്കുന്ന ഒരു പ്രദേശമാണ്.
അന്തർദേശീയ തലത്തിൽ തന്നെ കേരളത്തിന്റെ യശസും പ്രശസ്തിയും കൂട്ടിയ പുണ്യസ്ഥലമാണ്. മാതൃകാപരമായ ശബരിമല ക്ഷേത്രത്തിൽ ഇത്തരമൊരു സംഭവം നടക്കാൻ പാടില്ലാത്തതാണ്. അയ്യപ്പനും വാവരും മതസഹൗർദത്തിന്റെ പ്രതീകങ്ങളാണ്. മതേതര സ്വഭാവമുള്ള ക്ഷേത്രത്തിൽ നടന്ന സ്വർണക്കടത്ത് ചിന്തിക്കാൻ പോലും കഴിയാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ഭരണകർത്താക്കൾക്ക് ഈ വിഷയത്തിൽ ഒളിഞ്ഞുമാറാനാകില്ല. കേരള ജനത എല്ലാം കാണുകയും അറിയുകയും ചെയ്യുന്നുണ്ടെന്ന ഓർമവേണം. ഈ സംഭവമെല്ലാം തദ്ദേശ തെരഞ്ഞെടുപ്പിനെന്നല്ല, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും ചർച്ചാ വിഷയമാകുമെന്ന് ഉറപ്പാണ്.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയം നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമം എൽഡിഎഫിന്റെ ഭാഗത്തുനിന്നുണ്ടോ?
എത്ര വലിച്ചുനീട്ടാൻ നോക്കിയാലും അതിനൊരു പരിധിയുണ്ട്. കഴിഞ്ഞ മൂന്ന്, നാലു മാസമായുള്ള വിഷയം തെരഞ്ഞെടുപ്പ് വന്നപ്പോൾ ഒന്നുകൂടി തീ കൊടുത്തതാണ്. അത് വലിച്ചുനീട്ടിയാൽ അതിനു പൊളിറ്റിക്കലായി പരിധിയുണ്ട്. ഇക്കാര്യത്തിൽ കോണ്‍ഗ്രസ് നടപടിയെടുത്തു കഴിഞ്ഞതാണ്. അതുവച്ച് കോണ്‍ഗ്രസിനെ എങ്ങനെ പഴിക്കും? ഇക്കാര്യത്തിൽ കോണ്‍ഗ്രസ് നടപടിയെടുത്താൽ പിന്നെ അതുസംബന്ധിച്ചുള്ള വിശദീകരണം പറയാൻ ഞാൻ ബാധ്യസ്ഥനല്ല. ഘടകകക്ഷികൾ മാറിമാറി അനുദിനം പ്രതികരിക്കേണ്ട ഒരു വിഷയമാണ് ഇതെന്നു ഞാൻ കരുതുന്നില്ല. ഈ വിഷയം സംബന്ധിച്ച് കോണ്‍ഗ്രസ് ഫുൾ സ്റ്റോപ്പ് ഇട്ടുകഴിഞ്ഞതാണ്. അതിന്റെ അതിർവരന്പ് മറികടന്ന് കൂടുതൽ കമന്റ് മറ്റൊരു ഘടകക്ഷിയുടെ പ്രതിനിധിയിൽനിന്ന് ആവശ്യമില്ല. ആവശ്യമില്ലാത്തതിനാൽ പ്രതികരണമില്ല. ഏതായാലും ഇതൊന്നും തെരഞ്ഞെടുപ്പിനെ ബാധിക്കില്ല.
മുസ്ലിം ലീഗ് വെൽഫെയർ പാർട്ടിയുടെ പാതയിലൂടെയാണ് നീങ്ങുന്നതെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണത്തെക്കുറിച്ച്?
അതിനുള്ള മറുപടി ഞങ്ങളുടെ പ്രവർത്തകർ കൊടുത്തിട്ടുണ്ട്. വെൽഫെയർ പാർട്ടിയുടെ വലിയ ബാനറിനു താഴെ ഗോവിന്ദൻ മാഷ് നിന്നു പ്രസംഗിക്കുന്നുണ്ട്. വെൽഫെയർ പാർട്ടി സ്ഥാനാർഥിക്കു വേണ്ടി ഗോവിന്ദൻമാഷ് വോട്ടു ചോദിച്ച് പ്രസംഗിക്കുന്ന ബാനറുള്ള സ്റ്റേജിന്റെ ഫോട്ടോ ദൃശ്യമാണ്.അവരുടെ സ്ഥാനാർഥികൾക്കായി കഴിഞ്ഞ തെരഞ്ഞെടുപ്പിലും എന്തിന്, ഇത്തവണ പോലും പലയിടത്തും വെൽഫെയർ പാർട്ടിയുമായി അവർക്ക് സഖ്യമുണ്ടെന്നാണു പറയുന്നത്.
ഇത്രയും നാളും അവർ സഖ്യം സ്ഥാപിച്ചിരുന്ന ഒരു പാർട്ടിയുമായി എവിടെയെങ്കിലും തെരഞ്ഞെടുപ്പിൽ ഒരു അഡ്ജസ്റ്റ്മെന്റുണ്ടെന്നു റിസർച്ച് ചെയ്ത് വലിയ വിഷയമാക്കാൻ വേണ്ടി അവർ ശ്രമിക്കുന്നു. ഇതൊന്നും ഏശുന്ന കാര്യമല്ല.കാരണം ഈ നാട്ടിൽ അവരുടെ പാർട്ടി വെൽഫെയർ പാർട്ടിക്കു വേണ്ടി വോട്ടു ചോദിക്കുന്ന പ്രസംഗം ഓടുന്നുണ്ട്. ബാനറും ഒന്നിച്ചു വോട്ടു ചോദിക്കുകയും ജാഥ നടത്തുകയും ചെയ്യുന്ന ദൃശ്യവും പുറത്തുവന്നു കഴിഞ്ഞു. ഇതെല്ലാം ഓടിക്കൊണ്ടിരിക്കുന്ന സംസ്ഥാനത്ത് അവർ പരിശുദ്ധ പ്രസംഗം നടത്തുകയാണ്. ഇതൊക്കെ ഏശുമോ? ഇല്ല, അതിനാൽ ഈ വിഷയമെല്ലാം പോയി.
തെരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിന്റെ വിധിയെഴുത്താകുമോ?
ഭരണരംഗത്തെ പാളിച്ചകൾക്കെതിരേ ജനങ്ങൾ വിധിയെഴുതും എന്നതിൽ സംശയമില്ല. പ്രതിപക്ഷത്തിന്റെ വിലയിരുത്താലായും ഈ തെരഞ്ഞെടുപ്പിനെ കാണാം. അതിൽ കുഴപ്പമൊന്നുമില്ല. സർക്കാരിന്റെ വിലയിരുത്തലായി ഈ തെരഞ്ഞെടുപ്പിനെ കണ്ടാൽ യുഡിഎഫ് ജയിക്കും. ജനങ്ങളുടെ ജീവിതം ഇത്രയേറെ ദുഃസഹമായ കാലമുണ്ടായിട്ടില്ല. തൊഴിൽ മേഖല നിശ്ചലമാണ്.
യുവാക്കൾക്കു വരുമാനം ലഭിക്കാനുള്ള തൊഴിലവസരങ്ങളൊന്നും തുറക്കുന്നില്ല. റോഡുകളുടെ സ്ഥിതി ദയനീയമാണ്. കാർഷികമേഖലയിലെ പ്രതിസന്ധി ദിവസം ചെല്ലുംതോറും രൂക്ഷമാകുന്നു. നെൽകർഷകർ പണം ലഭിക്കാതെ മാസങ്ങളായി ബുദ്ധിമുട്ടി. പലരും കടക്കെണിയിലാണ്. ഇത്തരത്തിൽ എല്ലാ ജനവിഭാഗങ്ങളും പല രീതിയിലുള്ള കഷ്ടതകളാണ് അനുഭവിക്കുന്നത്. ഇതെല്ലാം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും.
Kerala
കോഴിക്കോട്: വെല്‍ഫയര്‍ പാര്‍ട്ടിയുമായുള്ള യുഡിഎഫ് ബന്ധം ചര്‍ച്ചയായിരിക്കേ മുസ്ലിം ലീഗിന് അവരുമായി സഖ്യമില്ലെന്നും എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പായതിനാല്‍ പ്രാദേശിക നീക്കുപോക്കുണ്ടെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.
യുഡിഎഫിനോടുള്ള നിലപാടില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയാണു മാറ്റം വരുത്തിയത്. നേരത്തേ എല്‍ഡിഎഫുമായി സഹകരിച്ച ജമാ അത്തെ ഇസ്ലാമി ഇപ്പോള്‍ യുഡിഎഫുമായി സഹകരിക്കുന്നുവെന്ന് മാത്രമേയുള്ളുവെന്നും സാദിഖലി ശിഹാബ് തങ്ങള്‍ ഒരു സ്വകാര്യ ചാനലിന്റെ പരിപാടിയില്‍ വ്യക്തമാക്കി.
Kerala
ഗുരുവായൂർ: തൈക്കാട് മേഖലയിൽ കോലീബി സഖ്യം ആരോപിച്ച് മുസ്ലിം ലീഗിൽ കൂട്ട രാജി. ഗുരുവായൂർ നഗരസഭയിലെ മൂന്ന് വാർഡുകളിൽ കോൺഗ്രസ്-ലീഗ്-ബിജെപി സഖ്യം രൂപംകൊണ്ടതായി ആരോപിച്ചാണ് ആറ് പേർ രാജിവെച്ചത്.
ലീഗിൽ നിന്ന് പുറത്തുപോയവരും കുടുംബാംഗങ്ങളും ഉൾപ്പെടെ 25ഓളം പേർ എൽഡിഎഫിന് വേണ്ടി പ്രവർത്തിക്കുമെന്ന് അറിയിച്ചു. നഗരസഭയിലെ 14, 15, 17 വാർഡുകളിലാണ് കോലീബി സഖ്യം രൂപപ്പെട്ടതായി ആരോപണമുള്ളത്.
Kerala
കണ്ണൂർ: കണ്ണൂരിൽ മുസ്ലീം ലീഗ് നേതാവ് ബിജെപിയിൽ ചേർന്നു. ലീഗിന്റെ പാനൂർ മുനിസിപ്പൽ കമ്മിറ്റി അംഗമായ ഉമർ ഫാറൂഖ് ആണ് ബിജെപിയിൽ ചേർന്നത്.
ബിജെപി കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡന്റ് ഉമർ ഫാറൂഖിനെ പാർട്ടിയിലേക്ക് സ്വീകരിച്ചു. ബിജെപിയുടെ ദേശീയ രാഷ്ട്രീയത്തിൽ ആകൃഷ്ടനായാണ് പാർട്ടിയിൽ ചേർന്നതെന്ന് ഉമർ മാധ്യമങ്ങളോട് പറഞ്ഞു.
Kerala
കോഴിക്കോട്: വെൽഫെയർ പാർട്ടിയോടുള്ള നിലപാട് വ്യക്തമാക്കി യുഡിഎഫ്. തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയര്‍ പാര്‍ട്ടിയുമായി പരസ്യധാരണക്കില്ലെന്ന് യുഡിഎഫ് വ്യക്തമാക്കി.
കോഴിക്കോട് ജില്ലയിലടക്കം വെൽഫെയര്‍ പാര്‍ട്ടിയുമായി പരസ്യധാരണയുണ്ടാകില്ലെന്ന് മുസ്ലീം ലീഗും കോണ്‍ഗ്രസും അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് കണ്ടാണ് പുതിയ തീരുമാനം. കോൺഗ്രസ് നിലപാട് ലീഗിനെ അറിയിച്ചു.
ഇതോടെ കോഴിക്കോട് കഴിഞ്ഞ തവണ നൽകിയ ജില്ലാ പഞ്ചായത്ത് സീറ്റ് കോൺഗ്രസ് തിരിച്ചെടുത്തു. വെൽഫയർ പാർട്ടി ശക്തമായ മുക്കത്ത് അടക്കം പരസ്യധാരണയില്ല. കോഴിക്കോട് ജില്ലയിൽ ഒരു ജില്ലാ പഞ്ചായത്ത് സീറ്റ് അടക്കം 33 സീറ്റിൽ കഴിഞ്ഞ തവണ ധാരണയുണ്ടായിരുന്നു.
മലപ്പുറത്ത് 35 ഇടത്തും കഴിഞ്ഞ തവണ ധാരണയുണ്ടായിരുന്നു. മലപ്പുറത്ത് 25 സീറ്റും കോഴിക്കോട് 11 സീറ്റുമാണ് കഴിഞ്ഞ തവണ വെൽഫെയര്‍ പാര്‍ട്ടിക്ക് ലഭിച്ചത്.
Kerala
കോഴിക്കോട്: മുസ്ലിം ലീഗിനെതിരെ രൂക്ഷവിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപിയുടെ മുഖപത്രമായ "യോഗനാദം' പുതിയ ലക്കം എഡിറ്റോറിയലിലാണ് വിമർശനം.
കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ മതേതര കോമഡിയാണ് ലീഗെന്നാണ് വെള്ളാപ്പള്ളിയുടെ പരിഹാസം. പേരിലും പ്രവൃത്തിയിലും പെരുമാറ്റത്തിലും സംസാരത്തിലും ഘടനയിലും എന്തിന് വേഷത്തിൽ പോലും മതം കുത്തിനിറച്ച മറ്റൊരു രാഷ്ട്രീയ കക്ഷി കേരളത്തിലില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറയുന്നു.
ലീഗിലെ നവ നേതാക്കളുടെ മട്ടും ഭാവവും സംസാരവും കേട്ടാൽ ഓർമവരിക പഴയ നീലക്കുറുക്കന്റെ കഥയാണ്. ഒരു ചാറ്റൽ മഴയിൽ ഒലിച്ചുപോകുന്ന ചായം മാത്രമാണ് ഇവരുടെ മതേതരത്വമെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തുന്നു.
മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജിക്കെതിരെയും രൂക്ഷവിമർശനമാണ് വെള്ളാപ്പള്ളി ലേഖനത്തിൽ ഉയർത്തുന്നത്. തീപ്പൊരി പ്രാസംഗികനും ലീഗ് സംസ്ഥാന സെക്രട്ടറിയുമായ കെ.എം. ഷാജിയെപോലുള്ള ആദർശധീരന്മാരായ ലീഗ് നേതാക്കളുടെ മതേതരഭാഷണങ്ങൾ കേട്ടാൽ ചിരിക്കാതിരിക്കുന്നതെങ്ങനെ?. പകൽ ലീഗും രാത്രി പോപ്പുലർ ഫ്രണ്ടുകാരുമാകുന്ന നേതാക്കളും അണികളും കണ്ണുതുറന്നു തന്നെ ഇനി പാലുകുടിക്കുക.
സമുദായത്തിന്റെ അവകാശങ്ങൾക്ക് വേണ്ടിയാണ് സംസാരിക്കുന്നതെന്നാണ് കെ.എം. ഷാജിയുടെ ന്യായീകരണം. അന്തസുണ്ടെങ്കിൽ അദ്ദേഹം കുമ്പിടി കളിക്കാതെ രാഷ്ട്രീയകുപ്പായം അഴിച്ചുവച്ച് മുസ്ലിങ്ങൾക്കുവേണ്ടി സംസാരിക്കണം. അതാണ് മിനിമം മര്യാദയെന്നും വെള്ളാപ്പള്ളി പറയുന്നു.
സമ്പന്നരായ മുസ്ലിങ്ങൾക്ക് വേണ്ടി സമ്പന്നരായ നേതാക്കൾ നയിക്കുന്ന പാർട്ടിയാണ് ലീഗ്. അവരുടെ വിൽപന ചരക്കാണ് മുസ്ലീങ്ങൾ. നിങ്ങളുടെ രക്തം ഊറ്റിക്കുടിക്കുന്ന കുളയട്ടയാണ് മുസ്ലിം ലീഗ് എന്ന് തിരിച്ചറിയണം എന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
അവസരവാദ രാഷ്ട്രീയത്തിന്റെ അപ്പോസ്തലന്മാരായ ലീഗ് നാളെ ഇടതുമുന്നണിക്കൊപ്പം കൂടിയാലും ആരും അത്ഭുതപ്പെടില്ല. മുസ്ലിം വോട്ടുബാങ്കിന്റെ മൊത്തക്കച്ചവടം പേടിച്ചാണ് കേരളത്തിലെ മുന്നണി രാഷ്ട്രീയം ലീഗിനെയും ഷാജിയെയും ചുമക്കുന്നതെന്നും വെള്ളാപ്പള്ളി നടേശൻ ലേഖനത്തിൽ പറഞ്ഞു.